കോതമംഗലം: നേര്യമംഗലം - ഇടുക്കി സംസ്ഥാന പാതയിൽ തട്ടേക്കണ്ണിക്കു സമീപം കാർ നിയന്ത്രണംവിട്ട് 200 അടിതാഴ്ചയിൽ പെരിയാർ തീരത്തേക്കു മറിഞ്ഞ് നാലു പേർക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. എറണാകുളം ചെമ്മയാത്ത്, വൈപ്പിൻ ചെറായി സ്വദേശികളായ ഡിക്സൺ (51), ഷിബു (54), ഡിതിൻ (35), ഡിക്സൺ (31) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് ഇടുക്കി തോപ്രാംകുടിയിൽനിന്ന് എറണാകുളത്തേക്കു തിരികെ പോകുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തോപ്രാംകുടിയിലുള്ള ഒരു പള്ളിയിൽ ജോലിക്കായി വന്നവരാണ് കാറിലുണ്ടായിരുന്നത്.
മഴമൂലം പണി മാറ്റിവച്ച് തിരിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ഓടയിൽ ചാടി. അവിടെനിന്നു കയറിപ്പോകാൻ തുടങ്ങുമ്പോൾ പെരിയാറ്റിലേക്കു മറിയുകയായിരുന്നു. മരത്തിൽ തങ്ങിനിന്നതിനാൽ പുഴയിലേക്കു മറിഞ്ഞില്ല. കാർ പൂർണമായും തകർന്നു.
പരിക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരിമണൽ പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ അംബുലൻസിൽ കോതമംഗലത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് കരിമണൽ സ്റ്റേഷൻ സിഐ പി.എം. സുരേഷ്കുമാർ, എസ്ഐ വി.ബി. ബാബു, പോലീസ് ഓഫീസർമാരായ സെൽവം സെബാസ്റ്റ്യൻ, ശശികുമാർ, കെ.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.